മലപ്പുറത്ത് യുവാവ് കൊല്ലപ്പെട്ട സംഭവം;മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ് കൊല്ലപ്പെട്ട സ്വാലിഹിനെ മർദിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒളിവിലുള്ള മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്നും പൊലീസ് അറിയിച്ചു.

തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സ്വാലിഹിന്‍റെ മൃതദേഹം കണ്ടെത്തിയത്. സ്വാലിഹിന്‍റെ കാലുകളിൽ ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ടായിരുന്നു. ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിക്കുകയായിരുന്നു. മരിച്ച സ്വാലിഹിനും സുഹൃത്തുക്കൾക്കും നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്ക് ഏറ്റതായി പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *