മറ്റു ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ കൊന്ന യുവാവ് അറസ്റ്റിൽ

രണ്ടാം ഭാര്യയെ സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവിനെയാണു (37) റൂറൽ എസ്പി വൈഭവ് സക്സേനയുടെയും പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി.വിജയന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

ക്രിസ്മസ് രാത്രി പത്തരയോടെയാണു ഭാര്യ ശാരിയെ (37) കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ഷൈജു ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും തോന്നിയ സംശയമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ശാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണു പിന്നീട് പൊലീസിനോടു ഷൈജു പറഞ്ഞത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

ആദ്യ ഭാര്യയുടെ സുഹൃത്തായ ശാരിയുമായി അടുപ്പത്തിലായ ഷൈജു 13 വർഷത്തോളമായി എരുവേലിയിലെ വീട്ടിൽ അവരോടൊപ്പമാണു താമസം. 5 വർഷം മുൻപ് ഇരുവരും വിവാഹവും കഴിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ കുറച്ചുകാലങ്ങളായി ശാരിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *