മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്ന് പിതാവ്; സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിൽ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. 32 കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങൾക്ക് കാരണം മൂത്ത മകളാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പാലി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതി ശിവ്‌ലാൽ മേഘ്‌വാൾ 12 വർഷമായി കുടുംബത്തിൽ നിന്ന് പിരിഞ്ഞ് പാലിയിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. വിവാഹിതയായ തൻ്റെ മൂത്ത മകൾ നിർമ്മ ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണമെന്ന് മേഘ്‌വാൾ വിശ്വസിച്ചിരുന്നതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നിർമ്മ. ഇവിടെവെച്ച് പിതാവിനെ കണ്ടു. മൂത്ത മകളെയും അനുജത്തിയെയും മേഘ്‌വാൾ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി. പകുതി വഴിയിൽ ഇളയ മകളോട് കാത്തിരിക്കാൻ പറഞ്ഞതിന് ശേഷം, മേഘ്‌വാൾ നിർമ്മയോടൊപ്പം ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോവുകയായിരുന്നു.

ഇവിടെവച്ച് മേഘ്‌വാൾ മകളുടെ കഴുത്തറുത്ത ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ശേഷം ഇളയ മകളുടെ അടുത്തേക്ക് മടങ്ങിയെത്തി. മേഘ്‌വാളിന്റെ കൈയിൽ രക്തം കണ്ടതോടെ യുവതി നിലവിളിച്ചു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ നിർമ്മയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *