ഭാര്യക്ക് നേരെ ആസിഡ് ആക്രമണം, ജാമ്യത്തിലിറങ്ങി ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു; യുവാവ് അറസ്റ്റിൽ

കോട്ടയം മാടപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് ആണ് അറസ്റ്റിലായത്. ഭാര്യ അറയ്ക്കൽ വീട്ടിൽ ഷിജിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഷിജിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് സനീഷ് ജാമ്യത്തിലിറങ്ങിയത്.

ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. ജാമ്യത്തിലിറങ്ങിയ സനീഷിനെ കാണാനെത്തിയതായിരുന്നു ഷിജി. ഇവിടെ വെച്ച് വാക്കുതർക്കമുണ്ടാവുകയും തർക്കം മൂത്ത് ഷിജി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് സനീഷ് കഴുത്തിൽ കുരുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ തെങ്ങണയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ഒക്ടോബറിലാണ് ഷിജിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ ഇയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും അകന്ന് കഴിയുകയായിരുന്നു. എന്നാൽ ഇന്നലെ ഷിജി സനീഷിനെ കാണാനെത്തുകയും സനീഷ് കൊലപ്പെടുത്തുകയുമായിരുന്നു. ഇരുവർക്കുമിടയിൽ ഏറെനാളുകളായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഷിജിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Leave a Reply

Your email address will not be published. Required fields are marked *