പ്രണയത്തിൻറെ പേരിൽ കൊടുംക്രൂരത; കാമുകിയോടൊപ്പം കഴിയാൻ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അച്ഛനും യുവതിക്കും വധശിക്ഷ

പ്രണയം മനുഷ്യനെ കുറ്റവാളിയാക്കുമോ.. ഏറ്റവും നല്ല മനസുകളിലാണു പ്രണയമുണ്ടാകുക. അല്ലാത്തതെല്ലാം പ്രണയത്തിൻറെ കവചമണിഞ്ഞ കാമമായിരിക്കും. ചൈനയിൽനിന്നുള്ള സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. കാമുകിയെ വിവാഹം ചെയ്യാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും യുവതിയെയും വധശിക്ഷക്കു വിധേയരാക്കിയ സംഭവമാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. വിഷം കുത്തിവച്ചാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്.

2020 നവംബറിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിലാണു കേസിന് ആസ്പദമായ സംഭവം. ഭാര്യയുമായി പിണങ്ങി രണ്ടു വയസുള്ള മകളോടും ഒരു വയസുള്ള മകനോടുമൊപ്പമാണ് യുവാവ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് യുവാവ് മറ്റൊരു യുവതിയുമായി അടുപ്പമാകുന്നത്. വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി അടുത്തത്. പിന്നീടു സത്യം തിരിച്ചറിഞ്ഞെങ്കിലും യുവതി അയാളെ വിട്ടുപോയില്ല. ആദ്യമൊന്നും കുട്ടികളോടു വെറുപ്പു പ്രകടിപ്പിക്കാതിരുന്ന യുവതി പിന്നീടു കുട്ടികളെ ഒഴിവാക്കണമെന്നു കാമുകനോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടികൾ തങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്നും യുവതി കാമുകനോടു പറഞ്ഞു.

യുവതി തൻറെ നിലപാടിൽനിന്നു പിൻമാറാൻ തയാറാകത്തതുകൊണ്ടു കാമുകൻ കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അയാൾ താമസിക്കുന്ന പതിനഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെൻറിൽനിന്ന് കുഞ്ഞുങ്ങളെ താഴോട്ടെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുട്ടികൾ താഴെ വീണപ്പോൾ താൻ ഉറങ്ങുകയായിരുന്നുവെന്നും ആളുകളുടെ ബഹളം കേട്ടാണ് ഉണർന്നതെന്നുമാണ് യുവാവ് പോലീസിനോടു പറഞ്ഞിരുന്നത്. പിന്നീട് ഇയാളും കാമുകിയുമാണ് കുട്ടികളെ കൊന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *