പെൺ സുഹൃത്തിന്റെ ബന്ധുക്കൾ യുവാവിനെ ക്രൂരമായി മർദിച്ചു ; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ , അഞ്ച് പേർക്കെതിരെ കേസെടുത്തു

കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനെ പെൺ സുഹൃത്തിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി ആബിദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാപ്പകൽ കാറിൽ കയറ്റി കൊണ്ടുപോയാണ് മർദിച്ചത്. സംഭവത്തിൽ പൊലീസ് 5 പേർക്കെതിരെ കേസെടുത്തു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ ഞെട്ടിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്. ചുള്ളിക്കാപറമ്പിലെ അക്ഷയ സെൻ്റർ നടത്തിപ്പുകാരനായ ചാത്തമംഗലം പാഴൂർ സ്വദേശി ആബിദിനാണ് മർദനമേറ്റത്. അക്ഷയ സെന്ററിൽ ഒപ്പം ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് റഫീകും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലേറ്റ് ഗുരുതരാവസ്ഥയിലായ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ വെച്ചും തുടർന്ന് അരീക്കോട്ടുള്ള വീട്ടിൽ വെച്ചും ക്രൂരമായി മർദ്ദിച്ചതായി ആബിദ് പറഞ്ഞു.

യുവതിയുമായുള്ള ആബിദിന്റെ സൗഹൃദമാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നാണ് സൂചന. കേസുമായി മുന്നോട്ട് പോകുമെന്ന് ആബിദിൻ്റെ അമ്മാവൻ അബ്ദുല്ല മാസ്റ്റർ പറഞ്ഞു. സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു. വധശ്രമം, തട്ടിക്കൊണ്ടുപോവൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അക്ഷയ സെൻ്ററിൽ നടന്ന ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *