ത്രിപുരയില്‍ 62കാരിയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍

പടിഞ്ഞാറൻ ത്രിപുരയിൽ 62 കാരിയായ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് രണ്ട് ആൺമക്കൾ ജീവനോടെ കത്തിച്ചു. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ചമ്പക്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്. ഒരു സ്ത്രീയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മരത്തില്‍ കെട്ടിയ നിലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ജിറാനിയയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കമാൽ കൃഷ്ണ കൊളോയ് പിടിഐയോട് പറഞ്ഞു. അറസ്റ്റ് ചെയ്ത ആണ്‍മക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ഏപ്രിലിലും സമാനസംഭവം നടന്നിരുന്നു. ചണ്ഡീഗഡിലെ സെക്ടർ 35 ലെ ഒരു പൊതു പാർക്കിനുള്ളിൽ 26കാരിയെ കാമുകന്‍ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയബന്ധത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *