താജ്മഹൽ കാണാൻ എത്തിയ വിനോദ സഞ്ചാരിയെ അപമാനിച്ചു; ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിൽ

ഭർത്താവിനൊപ്പം താജ്മഹൽ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവത്തിൽ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിൽ. മൻമോഹൻ ആര്യ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് യു.കെ സ്വദേശികളായ ദമ്പതികൾ ഡൽഹിയിൽ നിന്ന് ആഗ്രയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് മൻമോഹൻ ആര്യ ദമ്പതികളെ സമീപിച്ച് അവരുടെ ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം ചെയ്തു.

ഭർത്താവ് മുന്നോട്ട് നീങ്ങിയപ്പോൾ, ഇയാൾ വിനോദസഞ്ചാരിയുടെ ചിത്രങ്ങൾ എടുക്കാൻ തുടങ്ങുകയും അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പരിഭ്രമിച്ചുപോയ യുവതിയും ഭർത്താവും ഉടൻ തന്നെ താജ്മഹലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവം അറിയിക്കുകയും ഗൈഡിനെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.

ഗൈഡിനെതിരെ പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തെന്ന് താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സയ്യിദ് ആരിബ് അഹമ്മദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *