ഗുജറാത്തിൽ വ്യാജ ടോൾ പ്ലാസ നിർമിച്ച് തട്ടിപ്പ്; പ്രതികൾ തട്ടിയത് 75 കോടി രൂപ

ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. ഗുജറാത്തിലാണ് സംഭവം. വ്യാജ ടോൾ പ്ലാസയിലൂടെ ഒന്നരവർഷം കൊണ്ട് തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്. പ്രവർത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈൽ ഫാക്ടറിയുടെ സ്ഥലത്താണ് വ്യാജ ടോൾ ​ഗേറ്റ് നിർമ്മിച്ചത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻഎച്ച് ൮ എയിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോൾഗേറ്റ് പ്രവർത്തിച്ചിരുന്നത്. മോർബിയിൽ നിന്ന്‌ വാങ്കനേറിലേക്ക് വരുന്ന വാഹനങ്ങളെ പകുതി ടോൾ ഈടാക്കി കടത്തിവിടുകയാണ് ഇവർ ചെയ്തത്.

വ്യാജ ടോളിൽ 20-200 രൂപ നിരക്കിൽ വാഹനങ്ങളെ കടത്തി വിട്ടിരുന്നു. കൂലിക്കാരുടെ സഹായത്തോടെയാണ് ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങളെ ടോളിലേക്ക് ആകർഷിച്ചിരുന്നത്.സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വഘാസിയയിൽ ഔദ്യോഗിക ടോൾ ഗേറ്റിൽ 110-600 രൂപ നിരക്കാണ് ഈടാക്കുന്നത്. വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ അമർഷി പട്ടേലിനെ മുഖ്യപ്രതിയാക്കിയാണ് വാങ്കനേർ പൊലീസ് കേസെടുത്തത്. ഫാക്ടറി പൂട്ടിയിരുന്നതിനാലാണ് സ്ഥലം പാട്ടത്തിന് നൽകിയതെന്നും തങ്ങൾക്ക് ടോൾ ഗേറ്റുമായി ബന്ധമില്ലെന്നുമാണ് ഇയാളുടെ പിതാവ് ജെറാം പട്ടേൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *