ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം ; കത്തിക്കുത്തിൽ ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

തൃശ്ശൂർ മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ മകൻ അക്ഷയ് (25) ആണ് മരണപ്പെട്ടത്. ആക്രമണത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് സംഭവം.

വൈകിട്ട് 7 മണിയോടെയാണ് ആക്രമണം നടന്നത്. ആറ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ 5 പേരില്‍ 4 പേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റി. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്.

ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഷിജുവിന്റെ മകൻ സഹിൽ, മൂർക്കനാട് സ്വദേശി കരിക്കപറമ്പിൽ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടിൽ സന്തോഷ് ,തൊട്ടിപ്പാൾ സ്വദേശി നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ. ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞിമൊയ്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *