കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതി അറസ്റ്റിൽ

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷാണ് അറസ്റ്റിലായത്. മണർകാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മെയ് 25ന് വൈകീട്ടാണ് കുമരകം ചെങ്ങളം സ്വദേശി രഞ്ജിത്തിനെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റിരുന്നു. ജോലി കഴിഞ്ഞ് ബസ് ഇറങ്ങി നടക്കുകയായിരുന്ന രഞ്ജിത്തിനെയും സുഹൃത്ത് റിജോയെയും പ്രതി അജീഷ് മറഞ്ഞിരുന്ന് ആക്രമിക്കുകയിരുന്നു. വലത് കൈയിലും നെഞ്ചത്തും വെട്ടേറ്റ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യയുമായി സൗഹൃദമുണ്ടെന്ന് സംശയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.

കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ബന്ധുവാണ് പ്രതി അജീഷ്. അജീഷിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *