കൊല്ലം കൊലപാതകത്തിൽ നാലുപേർ പിടിയിൽ; കൊലപാതകം സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. നവാസിനെ കത്തി കൊണ്ട് മുതുകത്ത് കുത്തിയ സദ്ദാം അടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സദ്ദാമിന് പുറമേ അൻസാരി, ഷെഫീക്ക്, നൂർ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തിരുന്നു. മടങ്ങിവരവേ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു.

രാത്രിയിൽ തന്നെ ഇവർ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. അക്രമമുണ്ടായ പ്രദേശത്തു രാത്രി പത്തരയോടെ വിവരം തിരക്കാനെത്തിയ നവാസിനെ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *