കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി. കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തുമാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇമെയിൽ സന്ദേശത്തിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി ചേരുന്ന ദിവസമായ ഇന്ന് തന്നെ ഇമെയിൽ സന്ദേശം വന്നത് പൊലീസ് ഗൗരവത്തിലാണ് അന്വേഷിക്കുന്നത്. കൂടുതൽ പൊലീസുകാരെ ഹൈക്കോടതിയിൽ വിന്യസിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യം കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം തൃശൂരിലെയും പാലക്കാട്ടെയും ആർഡിഒ ഓഫീസുകൾക്കും ബോംബ് ഭീഷണി വന്നിരുന്നു. തൃശൂരിലെ അയ്യന്തോളിലെ ആർഡിഒ ഓഫീസ് ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, രണ്ടു സ്ഥലത്തും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.