കാമുകന്റെ മകനെ ശ്വാസം മുട്ടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

കാമുകൻ ഭാര്യയ്ക്ക് ഒപ്പം പോയതിനെ തുടർന്ന് കാമുകന്റെ പതിനൊന്നുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലാണ് സംഭവം ഉണ്ടായത്. ദിവ്യാൻഷി എന്ന കുട്ടിയെയാണ് 24 കാരിയായ പൂജകുമാരി കൊലപ്പെടുത്തിയത്. കാമുകനെ വിവാഹം കഴിക്കാൻ മകൻ തടസ്സമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

ദിവ്യാൻഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായിരുന്നു പൂജ. 2019ൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നാൽ മൂന്നു വർഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് തിരികെ പോയി. ഇതാണ് പൂജയെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം പത്തിന് ജിതേന്ദ്രയുടെ ഇന്തർപുരിയിലെ വീടിന്റെ വിലാസം അയച്ചുതരാൻ ഒരു പൊതുസുഹൃത്തിനോട് പൂജ ആവശ്യപ്പെട്ടു. തുടർന്ന് പൂജ ജിതേന്ദ്രയുടെ വീട്ടിൽ എത്തിയപ്പോൾ അയാളുടെ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ജിതേന്ദ്രയുടെ മകൻ കിടപ്പുമുറിയിൽ ഉറങ്ങി കിടക്കുന്നതും കണ്ടു. വീട്ടിൽ ആരെയും കാണാതിരുന്ന പൂജ ദിവ്യാൻഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് കിടക്കയുടെ ബോക്സിലെ വസ്ത്രങ്ങളെല്ലാം മാറ്റി അതിൽ മൃതദേഹം ഒളിപ്പിച്ച ശേഷം പൂജ അവിടെനിന്നു കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് യുവതിയെ തിരച്ചറിഞ്ഞത്. എന്നാൽ പൂജയെ അന്വേഷിച്ച് അവരുടെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾക്കൊപ്പമല്ല താമസമെന്ന് മനസ്സിലാകുന്നത്. തുടർന്ന് പൂജയ്ക്കായി തിരച്ചിൽ ആരംഭിച്ചു. ഇന്തർപുരിയിലും സമീപ പ്രദേശങ്ങളിലുമുള്ള മുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ സമീപത്തു തന്നെയുണ്ടെന്നും എന്നാൽ ഒളിത്താവളങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അറിഞ്ഞത്. തുടർന്ന് മൂന്നു ദിവസത്തിനു ശേഷം പൂജ പൊലീസിന്റെ പിടിയിലാവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *