കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന കേസിൽ പുതിയ വഴിത്തിരിവ്.ബുധനാഴ്ച സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽനിന്ന് 40.25 ലക്ഷം രൂപ കവർന്നുവെന്ന് പരാതിക്കാരൻ റഹീസ് നൽകിയ പരാതി വ്യാജമെന്ന് പോലീസ്.
ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.കവർച്ചാ നാടകത്തിനായി പരാതിക്കാരൻ റഹീസ് 90,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകി. റഹീസിന്റെ ഭാര്യാപിതാവ് മറ്റൊരാളെ ഏൽപ്പിക്കുന്നതിനായി 40 ലക്ഷം രൂപ ഏൽപ്പിച്ചിരുന്നു. ഈ പണം ഇയാളുടെ കയ്യിൽനിന്ന് ചെലവായിപ്പോയെന്നും ഇത് മറയ്ക്കാനാണ് കവർച്ചാനാടകം എന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജപരാതി നൽകിയതിനും റഹീസിനും രണ്ട് സൃഹൃത്തുക്കളായ ജംഷി, സാജിദ് എന്നിവർക്കെതിരേ കേസെടുത്തു.
കാറിന്റെ ഗ്ലാസ് തകർത്താണ് പണം കവർന്നതെന്നും ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സൂക്ഷിച്ച 40 ലക്ഷം രൂപയാണ് നഷ്ടമായതെന്നുമാണ് റഹീസ് പറഞ്ഞത്. ബോണറ്റിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്ടപ്പെട്ടതായും പരാതിയിലുണ്ടായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ റഹീസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ ചാക്കുകെട്ടുമായി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.
സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് റഹീസ് പോലീസിൽ പരാതി നൽകിയത്. ഇതാണ് പോലീസിന് ആദ്യം സംശയമുണ്ടാക്കിയത്. കാറിൽനിന്ന് ചാക്കുകെട്ട് എടുത്തുകൊണ്ടുപോയ രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇവർ റഹീസിന്റെ സുഹൃത്തുക്കളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പരാതി വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചത്.