ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതി റെജി കെ തോമസിന് 38 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

ഒന്നാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്കൂളിൽ നിന്നു മടങ്ങി വരും വഴി വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് ഒട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തടിയൂർ, കടയാർ കോട്ടപ്പള്ളിൽ വീട്ടിൽ തോമസ് മകൻ റെജി കെ തോമസിന് 38 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ് പത്തനം തിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

2017 കാലയളവിൽ നടന്ന സംഭവത്തിൽ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ പീനൽ കോഡ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കേസിന്‍റെ വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാൽ നീണ്ടുപോയ വിചാരണ കോടതിയിലെ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്സോ അതിവേഗ കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിന്‍റെ അന്വേഷണം നടത്തിയത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി അനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *