ഐവിഎഫ് കേന്ദ്രത്തിൽ കൂട്ട ബലാത്സംഗം; ഡോക്ടർക്കെതിരെ പരാതി നൽകി യുവതി

രാജസ്ഥാൻ ജയ്പൂരിലെ ഐവിഎഫ് കേന്ദ്രത്തില്‍ വച്ച് താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന പരാതിയുമായി യുവതി രംഗത്ത്. ഡോക്ടറുടെ നേതൃത്വത്തിലാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് യുവതി പറയുന്നത്. ഡോക്ടറും മറ്റ് രണ്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് 30കാരിയായ സ്ത്രീ പരാതി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അണ്ഡം ദാനം ചെയ്യാനാണ് താന്‍ ഐവിഎഫ് കേന്ദ്രത്തില്‍ എത്തിയത്. ഭര്‍ത്താവും കുഞ്ഞും കൂടെയുണ്ടായിരുന്നു. അണ്ഡം ദാനം ചെയ്താല്‍ പണം നല്‍കാമെന്ന് ഡോക്ടര്‍ വാഗ്ദാനം ചെയ്തു. ഡോക്ടര്‍ തന്നെ ഓപ്പറേഷന്‍ റൂമിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് മറ്റു രണ്ടു പേര്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി ലഭിച്ചതോടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ഡി) പ്രകാരം കൂട്ടബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അജ്മീറിലെ ജവഹര്‍ നഗര്‍ സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയതെന്ന് ഡി.സി.പി ഗ്യാന്‍ ചന്ദ്ര യാദവ് പറഞ്ഞു.

ഡോക്ടർ ഉൾപ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയതെന്ന് ഡി.സി.പി പറഞ്ഞു. എന്നാല്‍ ഇവര്‍ ആരെല്ലാമെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ ഏതാണ് ഐവിഎഫ് കേന്ദ്രം എന്നതുള്‍പ്പെടെ സ്ഥിരീകരിക്കാനാവൂ എന്ന് ഡി.സി.പി വ്യക്തമാക്കി. നേരത്തെ ഡല്‍ഹിയില്‍ ഐവിഎഫ് ചികിത്സയിലുള്ള സ്ത്രീയുടെ അണ്ഡം അവരുടെ സമ്മതമില്ലാതെ മറ്റ് രണ്ട് സ്ത്രീകള്‍ക്ക് നല്‍കിയ സംഭവം പുറത്തുവന്നിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *