ഐബി ഉദ്യോഗസ്ഥയുടെ മരണം : പ്രതി സുകാന്തിന്റെ വീട്ടിൽ റെയ്ഡ്

കേസിന് സഹായകമാവുന്ന ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി.

തിരുവനന്തപുരം വിമാനത്താവള ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കേസിലെ പ്രതി സുകാന്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ്.ഞായറാഴ്ച്ച രാത്രിയാണ് തിരുവനന്തപുരം പോലീസ് റെയ്ഡ് നടത്തിയത്.തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസാണ് റെയ്ഡ് നടത്തിയത്. വീട്ടിൽനിന്ന് സുകാന്തിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. എന്നാൽ സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.സുകാന്തിനെ കണ്ടെത്താനായുള്ള വ്യാപക തിരച്ചിൽ തുടരുകയാണ്.

ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈൽ ഫോണിൽനിന്ന് ചാറ്റുകളും ലാപ്‌ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മാർച്ച് 24-നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവർത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നൽകിയിരുന്നു.

യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്‌തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകൾ കൈമാറി. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *