ഏഴ് വയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; പ്രതിയായ 67കാരന് 55 വർഷം കഠിന തടവ് വിധിച്ച് കോടതി

ഏഴ് വയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ 67 കാരന് 55 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട ഫാസ്ട്രാക്ക് കോടതി. കുളനട കുറിയാനിപ്പള്ളിൽ, ആശാഭവൻ വീട്ടിൽ ശിവദാസനാണ് പത്തനംതിട്ട ഫാസ്ട്രാക്ക് ജഡ്ജ് ഡോണി തോമസ് വർഗീസ് 55 വർഷം കഠിന തടവിനും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 7 വർഷം അധിക കഠിനതടവും അനുഭവിക്കണം.

2023 കാലയളവിൽ പ്രതി പെൺകുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും കുട്ടികളോട് വെള്ളം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് ടി വി കണ്ടു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടികളുടെ വീടുമായി മുൻപരിചയം ഉണ്ടായിരുന്ന പ്രതി വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയാണ് അതിക്രമിച്ച് കയറിയത്. കുട്ടികളുടെ പിതാവ് സമീപത്തുള്ള മറ്റൊരു വീട്ടുകാരുമായി സംസാരിച്ചു നിൽക്കുന്നത് പ്രതി കണ്ടിരുന്നു. കുട്ടികളുടെ മാതാവ് വീട്ടിലില്ലെന്ന കാര്യവും മനസിലാക്കിയ ശേഷമാണ് ശിവദാസൻ വീട്ടിൽ അതിക്രമിച്ചു കടന്നത്. കുട്ടികളുടെ പിതാവ് വീട്ടിലെത്തിയപ്പോൾ കർട്ടന് പിന്നിൽ ഭയന്ന് ഒളിച്ചിരിക്കുന്ന അവസ്ഥയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് കാര്യം തിരക്കിയപ്പോളാണ് സഹോദരിമാർ ഇരുവരും സംഭവം വിശദീകരിച്ചത്. ഇതോടെ വീട്ടുകാർ ഇലവുംതിട്ട പൊലിസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പെൺകുട്ടികളുടെ മൊഴി പ്രത്യേകമായി രേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ടാമത്തെ കേസിൽ പ്രതിയ്ക്ക് 7 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷവിധിച്ചിട്ടുണ്ട്. രണ്ട് കേസിലേയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുകേസുകളും അന്വേഷണം നടത്തിയത് ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ദീപുവാണ്.

Leave a Reply

Your email address will not be published. Required fields are marked *