എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ വീണ്ടും കേസ്; ഒരു വനിത ഡോക്ടർ കൂടി ഇമെയിൽ വഴി പരാതി നൽകി

എറണാകുളം ജനറൽ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗത്തിലെ മേധാവിയായിരുന്ന ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി വീണ്ടും പരാതി. 2018-ൽ അതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയിൽ വഴി പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസിനാണ് നിലവിൽ അമേരിക്കയിൽ താമസിക്കുന്ന വനിതാ ഡോക്ടർ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിയമ നടപടി ആവശ്യമില്ലെന്ന് അറിയിച്ചെങ്കിലും വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019 ല്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെ നേരത്തെ ബലാത്സംഗകുറ്റം ചുമത്തി കേസെടുത്തിരുന്നു. 2019 ഫെബ്രുവരിയില്‍ ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിയില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്ത വനിതാ ഡോക്ടറുടെ പരാതിപ്രകാരമാണ് നടപടി. നേരത്തെ ഫേസ്ബുക്കില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമം വിവരിച്ച് വനിതാ ഡോക്ടര്‍ കുറിപ്പെഴുതിയിരുന്നു. ഇതില്‍ ആരോഗ്യമന്ത്രിയടക്കം ഇടപെട്ട് നടപടിക്ക് നിര്‍ദേശം നല്‍കി. പിന്നാലെ വിദേശത്തുള്ള വനിതാ ഡോക്ടര്‍ ഇ-മെയില്‍ വഴി പരാതി പൊലീസിന് കൈമാറുകയായിരുന്നു. നിലവില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഡോക്ടര്‍ മനോജ്.

ഇന്‍റേണ്‍ഷിപ്പിനിടെ കോട്ടേഴ്സിന് സമീപമുള്ള ക്ലിനിക്കിലേക്ക് വിളിപ്പിച്ചെന്നും ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നുമായിരുന്നു ഡോക്ടറുടെ പരാതി. ഇതു സംബന്ധിച്ച് പിറ്റേദിവസംതന്നെ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്‍റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാല്‍ ഇടപെടലുണ്ടാകുമെന്ന് പേടിച്ച് പരാതിയുമായി മുന്നോട്ട് പോയില്ല. ഡോക്ടര്‍ മനോജിന് സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കാന്‍ പോകുന്നു എന്ന സാഹചര്യത്തിലാണ് തന്‍റെ ദുരനുഭവം വീണ്ടും പുറത്തു പറഞ്ഞതെന്നും വനിതാ ഡോക്ചര്‍ കുറിപ്പില്‍ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *