എയർ എംബോളിസത്തേക്കുറിച്ച് പ്രതിക്ക് അറിവുണ്ടായിരുന്നു; അനുഷ റിമാൻഡിൽ

സുഹൃത്തിന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അനുഷയെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാവേലിക്കര സബ്ജയിലിലേക്കാണ് ഇവരെ മാറ്റുക. അനുഷ കൊലപ്പെടുത്താൻ ശ്രമിച്ച സ്നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അനുഷയ്ക്കു വേണ്ടി സമർപ്പിക്കപ്പെട്ട ജാമ്യഹർജി തിങ്കളാഴ്ച വാദം കേൾക്കാനായി മാറ്റിവെച്ചു.

എയർ എംബോളിസത്തിലൂടെ മരണം സംഭവിക്കാമെന്ന അറിവോടെ അനുഷ പ്രവർത്തിച്ചെന്ന ആരോപണമാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. വൈദ്യശാസ്ത്രപരമായി അറിവുള്ള, ഡി ഫാം കോഴ്സ് പഠിച്ചിട്ടുള്ളയാളാണ് അനുഷ എന്നത് ഇതിനുള്ള പ്രധാന കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നു. ചികിത്സയിൽ കഴിയുന്ന യുവതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നഴ്സെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിൽ കടന്നാണ് ഇവർ പ്രവർത്തിച്ചത്. അനുഷയും സ്നേഹയുടെ ഭർത്താവും തമ്മിലുള്ള അടുപ്പമാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *