അലൻ വാക്കറിൻറെ സംഗീതനിശക്കിടെ മോഷ്ടിച്ച മൊബൈൽ ഫോണുകൾ കേരളം വിട്ടു; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്

സംഗീതജ്ഞൻ അലൻ വാക്കറിൻറെ കൊച്ചിയിലെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ നഷ്ടമായ സംഭവത്തിൽ മോഷണം സ്ഥിരീകരിച്ച് പൊലീസ്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തിയതായാണ് വിവരം. ഫോണുകൾ ട്രാക്ക് ചെയ്തതിലൂടെയാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.38 ഫോണുകളാണ് മോഷണം പോയത്. പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം.

ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സംഗീതനിശ കൊച്ചിയിൽ അരങ്ങേറിയത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 നഗരങ്ങളിൽ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിൻറെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *