അച്ഛനെ കഴുത്തറുത്ത് കൊന്നു ; മകൻ അറസ്റ്റിൽ

പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് സംഭവം. മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശ്മശാന ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

പഞ്ചാബി ബാഗിലെ മാദിപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. അന്ത്യകർമങ്ങൾക്കായി പിതാവിന്റെ മൃതദേഹവുമായി മകൻ റിങ്കു യാദവ് പശ്ചിം പുരി ശ്മശാനത്തിൽ എത്തി. ശ്മശാനത്തിൻ്റെ ചുമതലക്കാരൻ മൃതശരീരത്തിന്റെ കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവുകൾ ഉള്ളതായി ശ്രദ്ധിച്ചു. സംശയം തോന്നിയ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഡൽഹി പൊലീസ് സ്ഥലത്തെത്തി റിങ്കുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. പിതാവിനെ താൻ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിങ്കു കുറ്റസമ്മതം നടത്തി. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. പിതാവ് മദ്യത്തിന് അടിമയാണെന്നും വീട്ടിൽ സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും റിങ്കു പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *