രൂപയുടെ മൂല്യം ഇടിഞ്ഞു ; മൂല്യം എക്കാലത്തെയും റെക്കോർഡ് താഴ്ചയിൽ

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 83.53 രൂപ എന്ന റെക്കോർഡ് ഇടിവ് നേരിട്ടു. കഴിഞ്ഞ മാർച്ച് 22 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.45 ൽ എത്തിയതായിരുന്നു റെക്കോർഡ് ഇടിവ്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കാരണം, ഏഷ്യൻ കറൻസികളിലുണ്ടായ സമ്മർദ്ദമാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്. ചില ഏഷ്യൻ കറൻസികൾ ഡോളറിനെതിരെ 0.2 ശതമാനം മുതൽ 0.4 ശതമാനം വരെ ഇടിഞ്ഞു. ഓഹരി വിപണികളിലുണ്ടായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപ്പനയും രൂപയെ പ്രതികൂലമായി ബാധിച്ചു. ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം കാരണം യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നുണ്ട്. ഇതിന് പുറമെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ഡോളറിന് കരുത്ത് പകരുന്നു

ഇറക്കുമതി ചെലവേറും, വിദേശ പഠനവും

രൂപയുടെ ഇടിവ് കാരണം ഇറക്കുമതി ഇന്ത്യക്ക് ചെലവേറിയതായിത്തീരും. രൂപയുടെ മൂല്യത്തിലെ കുറവ് കാരണം വിദേശയാത്ര നടത്തുന്നതിനും വിദേശത്ത് പഠിക്കുന്നതിനും കൂടുതലായി പണം ചെലവഴിക്കേണ്ടി വരും . ഡോളറിനെതിരെ രൂപയുടെ മൂല്യം 50 ആയിരുന്നപ്പോൾ അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 50 രൂപയ്ക്ക് 1 ഡോളർ കിട്ടുമെന്ന് കരുതുക. ഇപ്പോൾ ഒരു ഡോളറിന് വിദ്യാർത്ഥികൾക്ക് 83.53 രൂപ ചെലവഴിക്കേണ്ടി വരും. ഇതുമൂലം ഫീസ് മുതൽ താമസം, ഭക്ഷണം തുടങ്ങി എല്ലാത്തിനും ചെലവ് കൂടും.

ഫ്ലോട്ടിംഗ് റേറ്റ് സിസ്റ്റം

ഇന്ത്യയുടെ വിദേശ കരുതൽ ശേഖരത്തിലെ ഡോളർ കരുതൽ മൂല്യവും അമേരിക്കയുടെ വിദേശ കരുതൽ ശേഖരത്തിലെ രൂപയുടെ കരുതൽ ശേഖരവും തുല്യമാണെങ്കിൽ, രൂപയുടെ മൂല്യം സ്ഥിരമായി തുടരും. നമ്മുടെ ഡോളർ കുറഞ്ഞാൽ രൂപ തളരും; കൂടിയാൽ രൂപ ശക്തിപ്പെടും. ഇതിനെ ഫ്ലോട്ടിംഗ് റേറ്റ് സിസ്റ്റം എന്ന് വിളിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *