തക്കാളിയില്‍ തൊട്ടപ്പോള്‍ കൈ പൊള്ളി ആശാനേ; കിലോയ്ക്ക് 250 രൂപ!

കേരളത്തില്‍ വിവിധയിനം പച്ചക്കറികളുടെ വില നൂറു കടന്നിട്ട് ആഴ്ചകള്‍ പിന്നിടുന്നു. ശക്തമായ മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വ്യാപാരികള്‍ തോന്നുന്നതുപോലെയാണ് വില പറയുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ വില കുറയില്ലെന്നു മാത്രമല്ല, കൂടാനാണു സാധ്യതയും.

അതേസമയം, കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളിലും പച്ചക്കറികള്‍ക്കു കൈപൊള്ളുന്ന വിലയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിയില്‍ പച്ചക്കറിയുടെ വില സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലപ്പുറമാണ്. ഗംഗോത്രിയില്‍ 250 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. യമുനോത്രയില്‍ 200 മുതല്‍ 250 രൂപ വരെവില ഈടാക്കുന്നു. ഉത്തരകാശി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ 180 മുതല്‍ 200 വരെയാണ് തക്കാളിയുടെ വില. വര്‍ധിച്ച വില കാരണം തക്കാളി വില്‍പ്പനയില്‍ ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. വില കൂടിയ സാഹചര്യത്തില്‍ പച്ചക്കറികള്‍ വാങ്ങാന്‍ ആളുകള്‍ തയാറാകുന്നില്ല.

തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ കാലാവസ്ഥാവ്യതിയാനമാണ് വില കുത്തനെ ഉയരാന്‍ കാരണം. ചെന്നൈയില്‍ ഇപ്പോള്‍ തക്കാളി കിലോയ്ക്ക് 100 മുതല്‍ 130 വരെയാണു വില. വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി തമിഴ്‌നാട് സര്‍ക്കാര്‍ ചെന്നൈയിലെ റേഷന്‍ കടകളില്‍ കിലോയ്ക്ക് 60 രൂപ നിരക്കില്‍ തക്കാളി ലഭ്യമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെന്നപോലെ കര്‍ണാകയിലും തക്കാളി വില കുത്തനെ കൂടിയിട്ടുണ്ട്. തലസ്ഥാന നഗരിയായ ബംഗളൂരുവില്‍ 110 മുതല്‍ 120 വരെയാണു വില.

Leave a Reply

Your email address will not be published. Required fields are marked *