ബഹ്റൈൻ ഗ്രാൻഡ്പ്രീ വേഗപ്പോരിന്റെ ആവേശ നാളുകൾക്കായുള്ള അവസാന പത്തു ദിവസത്തെ കൗണ്ട്ഡൗണിന് തുടക്കമായി. ഏപ്രിൽ 11 മുതൽ 13 വരെ സാഖിറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. കൗണ്ട്ഡൗണിന്റെ ഭാഗമായി 10 ദിവസത്തെ ഫാൻ വില്ലേജ് ഫെസ്റ്റിവലിന് അദ്ലിയയിലെ ബ്ലോക്ക് 338ൽ തുടക്കമായി. കഴിഞ്ഞ ദിവസം തുടങ്ങിയ ഫാൻ വില്ലേജ് ഏപ്രിൽ ഒമ്പതുവരെ തുടരും. ആദ്യ രണ്ട് ദിവസം ഉച്ചക്ക് ഒന്ന് മുതൽ രാത്രി 12 വരെ വില്ലേജ് തുറന്നു പ്രവർത്തിച്ചിരുന്നു.
വാരാന്ത്യങ്ങളിൽ ഉച്ചമുതൽ രാത്രി 12 വരെ തുറക്കും. എന്നാൽ പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തനം. പ്രവേശനം സൗജന്യമാണ്. ഫാൻ വില്ലേജിൽ എല്ലാതരം പ്രായക്കാർക്കും അനുയോജ്യമായ തരത്തിലാണ് വിനോദങ്ങൾ സജ്ജമാക്കിയത്. വിപുലമായ വിനോദപരിപാടികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്റ്റണ്ട് ടീമുകളുടെ പ്രകടനങ്ങൾ, ഫോർമുല 1 റേസിങ് സിമുലേറ്ററുകൾ, കുടുംബ വിനോദ സംവിധാനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. പ്രധാനവേദിയിൽ ഡിജെകളുടെയും പരമ്പരാഗത ബാൻഡുകളുടെയും സംഗീതപ്രകടനങ്ങളും ഫോട്ടോഗ്രഫി ഏരിയയും കരകൗശല ഗ്രാമവും കുട്ടികൾക്കുള്ള വിനോദ ഇടവുമുണ്ട്. വില്ലേജിന്റെ പ്രധാന ആകർഷണം ബി.ഐ.സി ഗ്രാൻഡ് പ്രീ ട്രാക്കിനെ അനുകരിച്ച് രൂപകൽപന ചെയ്ത സ്കെലെക്സ്ട്രിക് മിനി റേസിങ് സ്ലോട്ടാണ്. ഇത് കാഴ്ചക്കാർക്ക് ട്രാക്കിന്റെ ഘടനകളെക്കുറിച്ചും കാറോട്ടത്തിന്റെ വശങ്ങളെക്കുറിച്ചും അനുഭവം നൽകും.
പ്രാധാന മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നു. ചുരുക്കം ചില ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളാണ് ശേഷിക്കുന്നത്. ടിക്കറ്റ് ആവശ്യമുള്ളവർ ബന്ധപ്പെട്ട നമ്പറുകളിലോ വെബ് സൈറ്റ് വഴിയോ വാങ്ങണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.