ബഹ്റൈനിലെ വിവിധ മഅ്തം മേധാവികളുടെയും ഹുസൈനിയ്യ ആഘോഷ കമ്മിറ്റികളുടെയും യോഗം ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്തു.ആശൂറ പരിപാടികൾ രാജ്യത്തിന്റെ പൊതു പരിപാടികളാണെന്നും അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്സ് ക്ലബിൽ ചേർന്ന യോഗത്തിൽ ആശൂറ പരിപാടികൾക്കു വേണ്ട സുരക്ഷ ക്രമീകരണങ്ങളെ കുറിച്ചും ചർച്ചകൾ നടന്നു.
ഗവർണർമാർ, പബ്ലിക് സെക്യൂരിറ്റി ചീഫ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കണമെന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും മത സഹിഷ്തയും പരസ്പര സഹകരണവും പ്രദർശിപ്പിക്കപ്പെടുന്ന സന്ദർഭം കൂടിയാണ് ആശൂറ വേളകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളനുസരിച്ച് മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്രാവശ്യത്തെ ആശൂറ പരിപാടികൾ മുൻ വർഷത്തേക്കാൾ കൂടുതൽ വിജയകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.