ദുബൈയിൽ വെള്ളപ്പൊക്ക സാധ്യത തടയാൻ ഡ്രെയ്‌നേജുകളുടെ ശേഷി വർധിപ്പിക്കൽ പുരോഗമിക്കുന്നു

Update: 2024-11-04 05:27 GMT

ദുബൈയിൽ മഴവെള്ളം ഒഴുക്കി വിടാനുള്ള ഓവുചാലുകളുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു.കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാനും പ്രളയ സാധ്യതകൾ കുറക്കാനും ലക്ഷ്യമിട്ടാണ് ഡ്രെയ്‌നേജുകളുടെ ശേഷി വർധിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലുണ്ടായ മഴയെ തുടർന്ന് നഗരത്തിൽ പ്രളയസമാന സാഹചര്യം ഉണ്ടാകുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കഴിഞ്ഞ ജൂണിലാണ് 'തസ്‌രീഫ്' എന്ന പേരിൽ അതി ബൃഹത്തായ ഡ്രെയ്‌നേജ് പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയത്. നിലവിലെ ഡ്രെയ്‌നേജുകളുടെ ശേഷി 700 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 3000 കോടി ദിർഹമാണ് നിർമാണ ചെലവ്. 2030ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഗുരുത്വാകർഷണത്തിൽ പ്രവർത്തിക്കുന്ന തുരങ്കമാണ് 'തസ്‌രീഫ്' എന്ന് മുനിസിപ്പാലിറ്റിയിലെ ഡ്രെയ്‌നേജ് പദ്ധതികളിലെ വിദഗ്ധനായ ഡോ. താമർ അൽ ഹാഫിസ് പറഞ്ഞു.

ഗുരുത്വാകർഷണത്തിൽ പ്രവർത്തിക്കുന്നതിനാൽ പമ്പുകളുടെ സഹായമില്ലാതെ വലിയ അളവിലുള്ള ജലപ്രവാഹം ഉറപ്പാക്കാൻ ഇതിന് കഴിയും. കൂടാതെ പ്രവർത്തന ചെലവും പരിപാലന ചെലവും കുറക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ ആരംഭിച്ച 10.3 കിലോമീറ്റർ തുരങ്കത്തിൽ നിന്ന് വ്യത്യസ്തമായി എമിറേറ്റിലെ മുഴുവൻ ഓവുചാലുകളേയും ബന്ധിപ്പിക്കുന്നതാണ് 'തസ്‌രീഫ്' പദ്ധതി. ഇതുവഴി എല്ലാ ഓവുചാലുകളിൽ നിന്നുമുള്ള മഴവെള്ളത്തെ അതിവേഗത്തിൽ കടലിലേക്ക് ഒഴുക്കാൻ സാധിക്കും. നഗരത്തിലെ പ്രധാന റോഡുകൾക്കും ഹൈവേകൾക്കും അടിയിലായി പ്രാഥമിക നിർമാണം പൂർത്തിയായ തുരങ്കത്തിൻറെ ആഴം 40 മുതൽ 60 മീറ്റർ വരെയാണെന്നും അദ്ദേഹം പറഞ്ഞു.

Similar News