കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ നിയമ ഭേതഗതിയിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ ; വിദേശത്ത് നിന്ന് സ്വർണം കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി
കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ നിയമ ഭേദഗതിയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയാറാവാത്തത് വിദേശത്തുനിന്ന് സ്വർണാഭരണം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുന്നു.
ആഗോള വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നെങ്കിലും ഇറക്കുമതി തീരുവയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വർണാഭരണത്തിന്റെ വില വർധിപ്പിക്കാൻ കേന്ദ്രം തയാറായിട്ടില്ല. നിലവിൽ പ്രാബല്യത്തിലുള്ളത് 2016ൽ പുറത്തിറക്കിയ കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ ഭേദഗതി നിയമമാണ്.
ഈ വ്യവസ്ഥ പ്രകാരം വിദേശത്ത് ഒരു വർഷം താമസിച്ച് മടങ്ങുന്ന പുരുഷന്മാർക്ക് 20 ഗ്രാം സ്വർണാഭരണവും സ്ത്രീക്ക് 40 ഗ്രാം സ്വർണാഭരണവും കൊണ്ടുപോകാൻ അനുമതിയുണ്ട്. എന്നാൽ, 20 ഗ്രാം സ്വർണാഭരണത്തിന് 50,000 രൂപയും 40 ഗ്രാം സ്വർണാഭരണത്തിന് ഒരു ലക്ഷം രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിട്ടുള്ളത്.
ഇതിൽ കൂടിയാൽ ഇറക്കുമതി തീരുവ അടക്കണമെന്നാണ് വ്യവസ്ഥ. 2016ലെ സ്വർണവില നിലവാരം അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ നിയമം സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഭേദഗതി ചെയ്തിരിക്കുന്നത്. സ്വർണവില ദിനംപ്രതി വർധിക്കുകയും നിലവിൽ ഗ്രാമിന് 7500 രൂപയിലെത്തിയിരിക്കുകയുമാണ്. ഇതോടെ 50,000 രൂപക്ക് എട്ട് ഗ്രാം പോലും ലഭിക്കാത്ത സാഹചര്യമാണ്.
പഴയ നിയമം അനുസരിച്ച് 20 ഗ്രാം തൂക്കമുള്ള ആഭരണവുമായി വിമാനത്താവളത്തിൽ എത്തുന്ന സാധാരണക്കാരായ പ്രവാസികൾ കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെടുകയും കേസിൽ അകപ്പെടുകയുമാണ്. വിലയുടെ അന്തരം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നതായി പ്രവാസികൾ ആരോപിക്കുന്നു.
കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ ഭേദഗതി നിയമത്തിൽ പറയുന്ന വില ഒഴിവാക്കി സ്വർണത്തിന്റെ അളവ് മാത്രം നിലനിർത്തുകയോ നിലവിലെ വില അടിസ്ഥാനമാക്കി നിയമഭേദഗതി ചെയ്യുകയോ ചെയ്താൽ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. ഇതിനായി പ്രവാസി സംഘടനകൾ നിരവധി തവണ കേന്ദ്ര സർക്കാറിന് നിവേദനം നൽകിയെങ്കിലും ഇതുവരെ നിയമ ഭേദഗതി വരുത്താൻ തയാറായിട്ടില്ല.