യു.എ.ഇയിലെ കണ്ടല്‍ക്കാടിന്റെയും മറ്റ് ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ‘നബാത്’ പദ്ധതിക്ക് തുടക്കം.
അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂതന സാങ്കേതികവിദ്യ ഗവേഷണ കൗണ്‍സിലിന്റെ (എ.ടി.ആര്.സി) സ്ഥാപനമായ വെഞ്ച്വര്‍ വണ്‍ ആണ് പദ്ധതിക്ക് പിന്നില്‍. എ.ടി.ആര്.സിയുടെ കീഴിലുള്ള ടെക്നോളജി ഇന്നൊവേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നബാത്തിന് പിന്നിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
കണ്ടല്‍ക്കാടുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഇവ വിശകലനം ചെയ്യുന്നതിനുമായി സ്വയം പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാണ് നബാത്ത് ഉപയോഗപ്പെടുത്തുക. ഈ പരിസ്ഥിതി വിവരങ്ങളിലൂടെ ഓരോ പരിതസ്ഥിതിയിലും കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള രൂപരേഖ നബാത്ത് തയാറാക്കും.
മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത പദ്ധതികളില്‍നിന്ന് വ്യത്യസ്തമായി ആവാസവ്യവസ്ഥയുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുസൃതമായി അതിന്റെ പുനരുദ്ധാരണ ശ്രമങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍മിത ബുദ്ധി, മാപ്പിങ് സാങ്കേതിക വിദ്യകള്‍ നബാത്ത് ഉപയോഗിക്കുമെന്ന് വെന്‍ച്വര്‍ വണ്‍ ആക്ടിങ് സി.ഇ.ഒ റിദ നിധാകൂ പറഞ്ഞു.
കൃത്യമായ മാപ്പിങ്, അത്യാധുനിക വിത്തുവിതക്കല്‍ സംവിധാനങ്ങള്‍, നിരീക്ഷണം എന്നിവയിലൂടെ ആവശ്യമുള്ളിടത്ത് വിത്തുകള്‍ കൃത്യമായി നട്ടുപിടിപ്പിക്കുന്നതിലൂടെ കണ്ടല്‍ക്കാട് വളര്‍ച്ചയുടെയും പുനഃസ്ഥാപനത്തിന്റെയും സാധ്യത വര്‍ധിപ്പിക്കും. അപൂര്‍വ ജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് കണ്ടല്‍ക്കാട് രൂപവത്കരണത്തിനായി മനുഷ്യന് കടന്നുകയറുന്നത് വിപരീതഫലമാണ് ഉണ്ടാക്കുന്നത് എന്നതിനാല്‍ ഡ്രോണുകളുടെ സഹായത്തോടെയുള്ള വിത്ത് വിതക്കല്‍ ഏറെ ഫലപ്രദമാണ്. ഏതാനും മാസം മുമ്പ് നബാത്ത് കണ്ടല്‍ക്കാട് വിത്തുവിതക്കൽ പൂർത്തിയാക്കിയിരുന്നു.
കണ്ടല്‍ച്ചെടികള്‍ വളരുന്നത് നിരീക്ഷിച്ചുവരികയാണെന്നും മികച്ച പുരോഗതിയാണ് പദ്ധതിയില്‍ ഉണ്ടായിരിക്കുന്നതെന്നും റിദ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പദ്ധതി വൈകാതെ മരുഭൂമികളും കൃഷിയിടങ്ങളും വനങ്ങളും പവിഴപ്പുറ്റുകളും പുനഃസ്ഥാപിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും നടത്തും.