ബഹിരാകാശ ഗവേഷണ രംഗത്ത് യു.എ.ഇയുടെ നിക്ഷേപം 4000 കോടി ദിർഹമിലെത്തിയതായി ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
തിങ്കളാഴ്ച സുപ്രീം കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മരുഭൂമിയിൽ നിന്ന് ആരംഭിച്ച യാത്ര ആകാശത്തിനപ്പുറം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഛിന്നഗ്രഹ വലയത്തിലേക്കും എത്തിനിൽക്കുകയാണെന്നും ഹംദാൻ പറഞ്ഞു. ബഹിരാകാശ മേഖലയിലെ സാമ്പത്തിക നേട്ടങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.
ബഹിരാകാശ പര്യവേക്ഷണ പദ്ധതികൾക്കായുള്ള ഗവേഷണത്തിനും വികസനത്തിനുമായുള്ള ചെലവുകൾ മുൻ വർഷത്തെ അപേക്ഷിച്ച് 14.8 ശതമാനം വർധിച്ചു. കൂടാതെ സ്വകാര്യമേഖലയുടെ ധനസഹായവും നിക്ഷേപവും 44.3 ശതമാനവും ഇതിനായി പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണത്തിൽ 29 ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തിയതായി ഹംദാൻ പറഞ്ഞു.
നിലവിൽ ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹ വലയം എന്നിവയെ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള അഞ്ച് ദേശീയ പദ്ധതികൾക്ക് യു.എ.ഇ നേതൃത്വം നൽകുന്നുണ്ട്. ഏറെ വെല്ലുവിളിയുള്ള ശാസ്ത്ര ദൗത്യം ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ഉയർന്ന വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞരെയാണ് യു.എ.ഇ വികസിപ്പിച്ചിരിക്കുന്നത്.
അടുത്ത ഘട്ടത്തിൽ, പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുകയും നവീകരണത്തിന് നേതൃത്വം നൽകുകയും ചെയ്യും. അതോടൊപ്പം ഭാവി അഭിലാഷങ്ങൾ സാക്ഷാത്കരിച്ച് കൊണ്ട് ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
വരാനിരിക്കുന്ന ബഹിരാകാശ പദ്ധതികളിൽ ഈ വർഷം ഡിസംബറിൽ വിക്ഷേപിക്കാനിരിക്കുന്ന സ്പേസ് 42ന്റെ ഉടമസ്ഥതയിലുള്ള തുറയ 4 ഉപഗ്രഹ ഉൾപ്പെടും. അതോടൊപ്പം മുഹമ്മദ് ബിൻ റാശിദ് ബിൻ സ്പേസ് സെന്റർ വികസിപ്പിക്കുന്ന എം.ബി.ഇസഡ് സാറ്റ് 2025 ജനുവരിയിലും വിക്ഷേപിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.