ഡീസലില്‍നിന്ന് പൊതുഗതാഗത ബസുകള്‍ പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറിയതോടെ അബൂദബിക്ക് വാര്‍ഷിക കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ ഒരുലക്ഷത്തിലേറെ ടണ്‍ കുറക്കാനാവും.ഹൈഡ്രജനിലും വൈദ്യുതിയിലും ഓടുന്ന 19 ഹരിത ബസുകള്‍ കൂടി നിരത്തിലിറക്കിയതാണ് വായു ഗുണനിലവാരത്തില്‍ പ്രകടമായ പുരോഗതിക്ക് ആക്കം കൂട്ടുന്നത്. നിലവില്‍ മറീന മാള്‍, അല്‍ റീം ദ്വീപിലെ ഷംസ് ബ്യൂട്ടിക്ക് എന്നീ കേന്ദ്രങ്ങള്‍ തമ്മിലുള്ള റൂട്ട് 65ൽ ആണ് ഹരിത ബസുകള്‍ സര്‍വിസ് നടത്തുന്നത്.
അബൂദബിയില്‍ സുസ്ഥിര ഗതാഗതം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിലാണ് അബൂദബി മൊബിലിറ്റി ഹരിത ബസുകള്‍ നിരത്തിലിറക്കിയത്. 2030ഓടെ അബൂദബിയെ ഹരിത പൊതുഗതാഗത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ അബൂദബി മൊബിലിറ്റി വികസിപ്പിച്ച പദ്ധതിയുടെ ഭാഗമാണ് ഹരിത ബസുകള്‍.
പൊതുഗതാഗത വാഹനങ്ങളില്‍നിന്ന് ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറക്കുന്നതിലൂടെ അബൂദബി തെളിയിക്കുന്നത് പാരീസ് കരാറിനോടുള്ള പ്രതിബദ്ധതയും 2050ഓടെ കാര്‍ബണ്‍ മുക്തമാക്കുകയെന്ന ലക്ഷ്യവുമാണ്.