ദുബൈ എമിറേറ്റിൽ പുതിയ ഒരു മേൽപാലംകൂടി ഗതാഗതത്തിന് തുറന്നുകൊടുത്തു. അൽ ഖാമില, ഹെസ സ്ട്രീറ്റുകൾക്കിടയിലുള്ള അൽ ഖൈൽ റോഡിലാണ് പുതിയ പാലത്തിന്റെ പണി പൂർത്തിയായതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 700 മീറ്റർ നീളത്തിൽ രണ്ട് വരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. പദ്ധതിയുടെ ഭാഗമായി 900 മീറ്റർ നീളത്തിലുള്ള ഉപരിതല റോഡിന്റെ പണിയും പൂർത്തീകരിച്ചിട്ടുണ്ട്. ദേര ഭാഗങ്ങളിലേക്കുള്ള ജുമൈറ വില്ലേജ് സർക്കിൾമുതൽ അൽ ഖൈൽ റോഡുവരെ ഗതാഗതം കൂടുതൽ സുഗമമാക്കി റസിഡൻഷ്യൽ, ഡെവലപ്മെന്റ് ഏരിയകളെ ബന്ധിപ്പിച്ച് ഗതാഗതം കൂടുതൽ കാര്യക്ഷമത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ അറിയിച്ചു.
ഗാൺ അൽ സബ്ഖ-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 15ന് ആർ.ടി.എ രണ്ട് മേൽപാലങ്ങൾ തുറന്നു കൊടുത്തിരുന്നു. ആദ്യ പാലത്തിന് 601 മീറ്റർ നീളവും രണ്ടാമത്തെ പാലത്തിന് 664 മീറ്ററുമായിരുന്നു നീളം. ആദ്യ പാലത്തിന് മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഇതുവഴി ഗാൺ അൽ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും ഖിസൈസ്, ദേര ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കി.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് കിഴക്കുഭാഗത്തുള്ള അൽ യലാസിസ് സ്ട്രീറ്റ്, ജബൽ അലി പോർട്ട് എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഈ പാലത്തിന് സാധിക്കും. ഇതുവഴി യാത്ര സമയം 70 ശതമാനംവരെ കുറയുമെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.