10 ലക്ഷം ദിർഹം സമ്മാനത്തുകയുള്ള ഹോപ് മേക്കേഴ്സ് പുരസ്കാരത്തിന്റെ അഞ്ചാമത് എഡിഷൻ പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്ത് സംഭാവന അർപ്പിക്കുന്നവരെ കണ്ടെത്തി ആദരമർപ്പിക്കുന്നതിനായി രൂപവത്കരിച്ചതാണ് ‘ഹോപ് മേക്കേഴ്സ്’ പുരസ്കാരം. എക്സ് പ്ലാറ്റ്ഫോമിലൂടെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുരസ്കാരത്തിന്റെ അഞ്ചാമത് എഡിഷൻ പ്രഖ്യാപിച്ചത്. പുരസ്കാരത്തിനുള്ള യോഗ്യതയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പുരസ്കാരത്തിനായി സ്വയം നാമനിർദേശം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും മാനുഷിക, സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് പുരസ്കാരത്തിനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകന് ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കണം. കൂടാതെ എഴുതാനും വായിക്കാനും അത് പകർന്ന് നൽകാനുമുള്ള ഭാഷാപ്രാവീണ്യം വേണം. തന്നിലോ മറ്റുള്ളവരിലോ നന്മ കാണുന്ന ആർക്കും തങ്ങളെയോ മറ്റുള്ളവരെയോ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യാം. http://arabhopemakers.com വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മനുഷ്യത്വം പ്രതീക്ഷയെ വളർത്തുന്നുവെന്നും ആ പ്രതീക്ഷയുടെ കരുത്തിലാണ് സമൂഹം മുന്നോട്ടുപോകുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പ്രതീക്ഷയുടെ മുന്നിൽ ഏറ്റവും പ്രയാസമേറിയ വെല്ലുവിളികൾ പോലും എളുപ്പമാകും. ചിലർ നാട്ടിൽ നിരാശ പടർത്തുമ്പോൾ നമ്മൾ ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ വർഷങ്ങളിൽ പുരസ്കാരം നേടിയവരെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 2024 ഇറാഖി ഫാർമസിസ്റ്റായ തല അൽ ഖാലിക്കായിരുന്നു പുരസ്കാരം. നിശ്ചയദാർഢ്യമുള്ള കുട്ടികളേയും അർബുദ ബാധിതരായ നൂറുകണക്കിന് യുവാക്കളേയും പരിചരിക്കുന്നത് കണക്കിലെടുത്താണ് പുരസ്കാരത്തിനായി തല അൽ ഖാലിയെ തിരഞ്ഞെടുത്തത്.