ശൈത്യവും പട്ടിണിയും ശക്തമാകുന്നതിനിടെ ഗസ്സക്കാർക്ക് വീണ്ടും സഹായഹസ്തവുമായി യു.എ.ഇ. ഗാലന്റ് നൈറ്റ്-3 ഓപറേഷന്റെ ഭാഗമായി 40 ടൺ സഹായവസ്തുക്കളാണ് വിമാന മാർഗം ഗസ്സയിലേക്ക് എത്തിച്ചത്. ഈജിപ്തിലെ റഫ അതിർത്തി വഴിയാണ് സഹായ വസ്തുക്കൾ ഗസ്സയിലെത്തിച്ചത്.
എമിറേറ്റ്സ് റെഡ് ക്രസന്റ്, സായിദ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഷാർജ ചാരിറ്റി ഫൗണ്ടേഷൻ എന്നിവയുടെ പങ്കാളിത്തത്തിലാണ് സഹായ വസ്തുക്കൾ ശേഖരിച്ചത്. പാൽ, കുട്ടികൾക്കുള്ള പോഷകാഹാര പദാർഥങ്ങൾ, തണുപ്പുകാല വസ്ത്രങ്ങൾ, കുടുംബങ്ങൾക്ക് ആവശ്യമായ വസ്തുക്കളടങ്ങിയ റിലീഫ് ബാഗുകൾ എന്നിവയാണ് പ്രധാനമായും എത്തിച്ചത്.
ഗസ്സയിൽ പ്രവർത്തിക്കുന്ന തങ്ങളും ടീമംഗങ്ങൾ ശൈത്യകാല വസ്തുക്കളുടെയും ഭക്ഷണത്തിന്റെയും ദൗർലഭ്യമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിച്ചതെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ദുരിതാശ്വാസ വിഭാഗം മേധാവി സിൗദ് സുഹൈൽ അൽ മസ്റൂയി പറഞ്ഞു. ആവശ്യങ്ങൾ സംബന്ധിച്ച് ദിവസേന വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.