26 മണിക്കൂർ ലൈവത്തോൺ; പുതുവർഷം ആഘോഷമാക്കാൻ റേഡിയോ കേരളം 1476 എ എം , ശ്രോതാക്കളെ കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങൾ
'റേഡിയോ കേരളം 1476 എ.എം', ഈ പുതുവർഷത്തിലും ശ്രോതാക്കൾക്കായി 26 മണിക്കൂർ 'റീമ - ന്യൂ ഇയർ സ്പെഷ്യൽ ലൈവത്തൺ' ഒരുക്കും.
2024 ഡിസംബർ 31 ഉച്ചയ്ക്ക് 02 മുതൽ, 2025 ജനുവരി 01 വൈകുന്നേരം 04 വരെ നീളുന്ന ലൈവത്തണിൽ, ലോകത്തെ വിവിധ സോണുകളിലെ പുതുവർഷാഘോഷം തത്സമയം പ്രക്ഷേപണം ചെയ്യും.
ലോകത്ത് ആദ്യം പുതുവർഷം എത്തുന്ന പസഫിക്ക് മഹാസമുദ്രത്തിലെ കിരിബാസ് (Kiribati) ദ്വീപിൽ നിന്നുള്ള ആഘോഷങ്ങൾ പങ്കുവെച്ച് ആരംഭിക്കുന്ന പ്രക്ഷേപണം, വിവിധ ലോകരാജ്യങ്ങൾ ചുറ്റി, ഏറ്റവും അവസാനം പുതുവർഷം എത്തുന്ന പസഫിക്കിലെ തന്നെ ഹൗലാന്റ് (Howland) ദ്വീപിലെ ആഘോഷാരവങ്ങളോടെ അവസാനിക്കും.
7 ഭൂഖണ്ഡങ്ങളിലെ 38 ടൈം സോണുകളിലെ നിരവധി രാജ്യങ്ങളിലെ പുതുവത്സരാഘോഷങ്ങളിലൂടെ കടന്നുപോകുന്ന ഈ മെഗാ ലൈവത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ഈ ലൈവത്തണിൻ്റെ ഭാഗമായി ശ്രോതാക്കൾക്ക് വിവിധ ലോകരാജ്യങ്ങളിലെ സുഹൃത്തുക്കളുടെ പേരുവിവരങ്ങൾ വാട്സാപ്പ് ചെയ്യാം.ലൈവിൽ അവർക്കൊപ്പം ആശംസ നേർന്ന് സമ്മാനം പങ്കിടാം. 00971508281476 എന്ന നമ്പറിലാണ് വാട്സാപ്പ് ചെയ്യേണ്ടത്
ഓരോ മണിക്കൂറിലും ചോദ്യങ്ങൾ ഉണ്ടാകും. ഓരോ മണിക്കൂറിലും സമ്മാനങ്ങളും ശ്രോതാക്കൾക്ക് ലഭിക്കും. ഏറ്റവുമധികം ശരിയുത്തരങ്ങൾ നൽകുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒന്നാമതെത്തുന്ന ഭാഗ്യശാലിക്ക് അത്യാകർഷകമായ ബംപർ സമ്മാനമാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഓരോ മണിക്കൂറിലും ഒട്ടനവധി സർപ്രൈസ് ഗിഫ്റ്റുകളും ശ്രോതാക്കളെ കാത്തിരിക്കുന്നുണ്ട്.