ഷാർജയെന്ന അക്ഷര നഗരിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ

Update: 2022-11-04 14:34 GMT


ഷാർജ : ഷാർജയെന്ന അക്ഷര നഗരിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ.പുസ്തകമേള ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾകൊണ്ടും കുരുന്നുകളെകൊണ്ടും നിറയുകയാണ് ഷാർജ. നാലു പതിറ്റാണ്ടുകൾക്ക് മുൻപ് ചെറിയ രീതിയിൽ ആരംഭിച്ച ഒരു പുസ്തകമേള ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി വളർന്നു കഴിഞ്ഞു.ലോകം മുഴുവൻ ഉറ്റുനോക്കുന്ന പുസ്തകമേളയെന്ന ഖ്യാതിയും ഷാർജ സ്വന്തമാക്കി കഴിഞ്ഞു.

സ്‌കൂൾ, കോളജ് കുട്ടികൾ ഉള്‍പ്പെടെ ആദ്യ ദിവസം മുതൽ പുസ്തക മേള സന്ദർശിക്കാൻ എത്തുന്നുണ്ട്. 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് മേളയിൽ എത്തിയിട്ടുള്ളത്. മേളയില്‍ ഇന്ത്യയില്‍ നിന്ന് അടക്കം 129 എഴുത്തുകാർ സംബന്ധിക്കുമ്പോൾ അതിൽ കൂടുതലും മലയാളികൾ ആണെന്നുള്ളത് കേരളത്തിന് അഭിമാനകരമാണ്. പുസ്തക മേളയോടനുബന്ധിച്ച് നടക്കുന്ന

വിവിധ ചടങ്ങുകളില്‍ 57 രാജ്യങ്ങളില്‍ നിന്നുള്ള 129 പ്രമുഖ വ്യക്തിത്വൾ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും . ഇന്ത്യയില്‍ നിന്ന് മാത്രമായി 112 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി അടക്കമുള്ള പ്രമുഖരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്. അതേസമയം കണ്ണിന്‌ കാഴ്ചയില്ലാതിരുന്നിട്ടും സാഹിത്യത്തെ മാറോടുചേർത്ത ഇന്ദുലേഖ എന്ന യുവതിയുടെ പുസ്തകപ്രകാശനവും പുസ്തകകമേളയുടെ മാറ്റുകൂട്ടി . മേള നവംബർ 13ന് സമാപിക്കും.

Similar News