ചന്ദ്രയാൻ മൂന്നിൻറെ പ്രൊപ്പൽഷൻ മൊഡ്യൂൾ വീണ്ടും ഭൂമിയുടെ ഭ്രമണപഥത്തിൽ

Update: 2023-12-05 06:56 GMT

ചന്ദ്രയാൻ മൂന്ന് പേടകത്തിൻറെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തിൽ തിരികെ എത്തിച്ച് ഐ.എസ്.ആർ.ഒ. ചന്ദ്രൻറെ ഭ്രമണപഥത്തിൽ വലംവെച്ച് കൊണ്ടിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെയാണ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി മാറ്റിയത്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിനും സാമ്പിളുകൾ തിരികെ എത്തിക്കുന്നതിനുമുള്ള പരീക്ഷണങ്ങൾക്ക് സഹായകരമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൻറെ ഭ്രമണപഥമാറ്റം.

ചന്ദ്രയാൻ മൂന്നിൻറെ ദൗത്യം വിജയകരമായി പൂർത്തിയായതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ 100 കിലോ ഇന്ധനം ശേഷിച്ചിരുന്നു. ഈ ഇന്ധനം ഉപയോഗിച്ച് എൻജിൻ ജ്വലിപ്പിച്ചാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൻറെ ഭ്രമണപഥമാറ്റം സാധ്യമാക്കിയത്. ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലെറ്റ് സെൻറർ ആണ് ഭ്രമണപഥം മാറ്റുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ഒക്ടോബർ ഒമ്പതിനാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൻറെ ഭ്രമണപഥം ആദ്യം ഉയർത്തിയത്. തുടർന്ന് ഒക്ടോബർ 13ന് ട്രാൻസ് എർത്ത് ഇൻജക്ഷൻ വഴി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റി. നിലവിൽ ഭൂമിയുടെ 1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയെ വലം വെക്കുന്നത്.

Tags:    

Similar News