സൗദിയിൽ വേനൽ ചൂട് കനക്കുന്നു; തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

Update: 2023-07-24 04:31 GMT

സൗദിയിൽ വേനൽ ചൂട് കനക്കുന്നതിനിടെ തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി സൗദിതൊഴിൽ മന്ത്രാലയം. പുറം ജോലി ചെയ്യുന്ന തൊഴിലാളികൾ വെയിലേൽക്കുന്നില്ല എന്ന് തൊഴിലുടമകൾ ഉറപ്പ് വരുത്തണം. മൃഗങ്ങൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകണമെന്നും മന്ത്രാലയം ഉടമകൾക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ ചൂട് കൂടുൽ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കിഴക്കൻ പ്രവിശ്യയിൽ താപനില അൻപത് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. റിയാദ്, അൽഖസീം, മദീന പ്രവിശ്യകളിലും താപനില ഗണ്യമായി ഉയരും. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യതാപമേൽക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക നിർദ്ദേശം നൽകി. സെപ്തംബർ 15 വരെ ഉച്ചസമയങ്ങളിൽ പുറം ജോലി ചെയ്യുന്നതിന് നിലവിൽ രാജ്യത്ത് വിലക്കുണ്ട്.

ഉച്ചക്ക് 12 മുതൽ 3 മണിവരെ ആരെങ്കിലും പുറം ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു. താപനില ഉയരുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് ചൂടിൽ നിന്ന് പ്രത്യേകം സംരക്ഷണം നൽകാൻ ഉടമകളോട് പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ആവശ്യപ്പെട്ടു. മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ ഭക്ഷണവും വെള്ളവും സ്ഥിരമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചൂടേൽക്കാത്ത പാർപ്പിടമൊരുക്കുകയും വേണം. ദിവസത്തിൽ ഒരിക്കൽ എങ്കിലും അവയുടെ അവസ്ഥ പരിശോധിക്കണമെന്നും മന്ത്രാലയം ഉടമകളോടാവശ്യപ്പെട്ടു.

Similar News