സൗദി അറേബ്യയുടെ ക്രൂഡ് ഓസിൽ കയറ്റുമതിയിൽ വൻ വർധന ; ഡിസംബറിൽ ഏറ്റവും ഉയർന്ന നിലയിൽ
സൗദി അറേബ്യയുടെ അസംസ്കൃത കയറ്റുമതി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഡിസംബറിൽ ഏറ്റവും ഉയർന്ന നിലയിലെത്തി. പ്രതിദിന കയറ്റുമതി 6.33 ദശലക്ഷം ബാരലായി. പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂംബെർഗ് സമാഹരിച്ച ടാങ്കർ ട്രാക്കിങ് ഡാറ്റ പ്രകാരമാണ് ഈ കണക്ക്.
ഉൽപാദനം വെട്ടിക്കുറക്കൽ നടപടി ആരംഭിക്കുന്നതും വിപണിയിൽ വിതരണം മന്ദഗതിയിലാക്കുന്നതും ഈ ഏപ്രിൽ വരെ നീട്ടിവെക്കാൻ ഒപെക് പ്ലസ് സഖ്യം സമ്മതിച്ചതിന് ശേഷമാണ് ഈ വർധനവ്. കഴിഞ്ഞ നവംബറിൽ പ്രതിദിന കയറ്റുമതി 6.16 ദശലക്ഷം ബാരലായിരുന്നത് ഡിസംബറാവുമ്പോഴേക്കും 6.33 ദശലക്ഷം ബാരലായി കുതിച്ചുയരുകയായിരുന്നു.
ട്രാക്കിങ് ഏജൻസി കെപ്ളറിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം എണ്ണകയറ്റുമതി പ്രതിദിനം 6.06 ദശലക്ഷം ബാരലായിരുന്നു. അതേസമയം വോർടെക്സ കണക്കാക്കിയത് പ്രതിദിനം 6.05 ദശലക്ഷം ബാരലും. ഇന്ത്യയിലേക്ക് ക്രൂഡോയിൽ ഒഴുക്ക് 2024 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായി ഡിസംബറിൽ. യു.എ.ഇ ഏപ്രിലിൽ ആരംഭിക്കുന്ന ഒരു ചെറിയ വർദ്ധനവ് ക്രമേണ നടപ്പാക്കുന്നതിനൊപ്പം നിലവിലെ ഉൽപാദന ലക്ഷ്യങ്ങൾ 2026 അവസാനം വരെ നീട്ടാൻ ഒപെക് പ്ലസ് എണ്ണ മന്ത്രിമാർ ഡിസംബർ ആദ്യം സമ്മതിച്ചിരുന്നു. സ്വമേധയാ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൻ്റെ ആദ്യ ഘട്ടം നടപ്പാക്കുന്നത് 2026 അവസാനം വരെ നീട്ടുകയായിരുന്നു.