കിങ് സൽമാൻ റിലീഫ് സെന്ററിൽനിന്നുള്ള സൗദി പ്രതിനിധിസംഘം സിറിയയിലെ ആശുപത്രികൾ സന്ദർശിച്ചു. മരുന്നും ഭക്ഷണവും ഉൾപ്പെടെ ദുരിതാശ്വാസ വസ്തുക്കൾ കര, വ്യോമ മാർഗേണ അയക്കാൻ തുടങ്ങിയ ഉടൻ നടത്തിയ ഈ സന്ദർശനം സിറിയൻ ആശുപത്രികളിലെ ആവശ്യങ്ങൾ അറിയുന്നതിനാണ്. സിറിയൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് സംഘം വിവിധ ആശുപത്രികൾ സന്ദർശിച്ചത്.
ഭക്ഷണവും മരുന്നും മെഡിക്കൽ ഉപകരണങ്ങളും പാർപ്പിട സാമഗ്രികളും വഹിച്ചുകൊണ്ട് സൗദി അറേബ്യയുടെ ആറാമത്തെ ദുരിതാശ്വാസ വിമാനം ദമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. സിറിയയിലേക്ക് ആവശ്യമായ ഇന്ധനവും അയച്ചതിലുൾപ്പെടും. ഉദ്ദേശിച്ച ഫലം കൈവരിക്കുന്നതു വരെ സിറിയയിലേക്കുള്ള ദുരിതാശ്വാസം തുടരുമെന്ന് കിങ് സൽമാൻ സെന്റർ വൃത്തങ്ങൾ അറിയിച്ചു.
സിറിയയിലെ എല്ലാ അവശ്യസ്ഥലങ്ങളിലും ഇപ്പോൾ സഹായമെത്തിക്കാൻ കഴിയുന്നുണ്ട്. ദുരിതങ്ങളിലും പ്രതിസന്ധികളിലും സഹോദര സൗഹൃദ രാജ്യങ്ങളെ സഹായിക്കുന്നതിന് സൗദിയുടെ മാനുഷിക വിഭാഗമായ കിങ് സൽമാൻ റിലീഫ് സെന്റർ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ചട്ടക്കൂടിനുള്ളിലാണിത്. ലോകമെമ്പാടുമുള്ള ജീവകാരുണ്യവും മാനുഷികവുമായ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുള്ള സൗദിയുടെ സ്ഥാപിത സമീപനത്തിന്റെ വിപുലീകരണമെന്ന നിലയിലാണെന്നും കിങ് സൽമാൻ റിലീഫ് കേന്ദ്രം പറഞ്ഞു.