സിറിയയെ പിന്തുണക്കുന്ന നിലപാട് ആവർത്തിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് പുതിയ സിറിയൻ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനിയെ സ്വീകരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടർന്ന് നടത്തിയ കൂടിക്കാഴ്ചയിൽ സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രതിസന്ധി മറിക്കാൻ നടത്തിയ ശ്രമങ്ങളും അവലോകനം ചെയ്തു.
സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്ന വിധത്തിൽ രാജ്യത്ത് രാഷ്ട്രീയ സാമൂഹിക സുസ്ഥിരതയുണ്ടാക്കാനുള്ള എല്ലാത്തിനും പൂർണ പിന്തുണ ഉറപ്പാക്കി വിദേശകാര്യ മന്ത്രി സൗദിയുടെ നിലപാട് ആവർത്തിച്ചു.
സിറിയക്കും അവിടുത്തെ സഹോദര ജനങ്ങൾക്കും സുരക്ഷിതത്ത്വത്തിന്റെയും സുസ്ഥിരതയുടെയും സമൃദ്ധിയുടെയും ശോഭനമായ ഭാവി കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന എല്ലാത്തിനും പിന്തുണ നൽകുന്നതിനുള്ള വഴികളും ഇരുപക്ഷവും ചർച്ച ചെയ്തു.