ഹജ്ജ് തീർത്ഥാടനത്തിന് ഈ വർഷം ഇന്ത്യയിൽ നിന്നും സൗദിയിലേക്കുളള വിമാനസർവീസുകൾ മേയ് 21 മുതൽ ജൂൺ 22 വരെ ഉണ്ടായിരിക്കും. ഹജ്ജ് തീർത്ഥാടനത്തിനു ശേഷം മടക്കയാത്ര ജൂലൈ 3 മുതൽ ഓഗസ്റ്റ് 2 വരെയും നടത്താൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. ഈ തീയതികൾക്കുളളിലായിരിക്കും രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുളള യാത്രകൾ ക്രമീകരിക്കുക.
കേരളത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി, വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങളിൽ നിന്നാണ് ഹജ്ജ് വിമാന സർവീസ്. അപേക്ഷകർക്ക് യാത്രാ സൗകര്യം അനുസരിച്ച് 2 വിമാനത്താവളങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്താം. ഹജ്ജ് തീർത്ഥാടനത്തിനു തിരഞ്ഞെടുത്ത ശേഷം യാത്ര റദ്ദാക്കിയാൽ നിശ്ചിത തുക നഷ്ടമാകും.
മാർച്ച് 31 വരെ 1500 രൂപയും ഏപ്രിൽ 1 മുതൽ 30 വരെ 5000 രൂപയും മേയ് ഒന്ന് മുതൽ 10000 രൂപയുമാണ് നഷ്ടമാകുക. വിവരം അറിയിക്കാതെ അവസാന നിമിഷം റദ്ദാക്കുന്നവരിൽ നിന്ന് ഒരു ഭാഗത്തേക്കുളള വിമാന യാത്രാ നിരക്ക്, അല്ലെങ്കിൽ 25000 രൂപ പിഴ ഈടാക്കും.