റിയാദ് : ചരിത്രത്തിലിടം നേടാൻ സൗദിയും തയ്യാറായിക്കൊണ്ട് സൗദി സ്‌പേസ് കമ്മിഷൻ 2023ൽ ആദ്യമായി വനിതയെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. രാജ്യത്തിന്റെ അഭിലാഷമായ വിഷൻ 2030 ന്റെ അവിഭാജ്യ ഘടകമാണ് സൗദി ബഹിരാകാശ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി വനിത ബഹിരാകാശ ദൗത്യം നിറവേറ്റുന്നതോടെ ഈ പദ്ധതി സൗദിയുടെ ചരിത്രത്തിൽ ഇടം പിടിക്കും. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കലുകൾ നടത്താൻ കഴിവുള്ള സൗദി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനാണു ഈ പ്രോഗ്രാം സമർപ്പിച്ചിരിക്കുന്നത്.ഇതോടെ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി ഇവര്‍ മാറും. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മാനവികതയുടെ പുരോഗതിക്കായി ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ സൗദി ബഹിരാകാശ സഞ്ചാരികളെ ഈ പ്രോഗ്രാം പ്രാപ്തരാക്കും.