92–ാമത് സൗദി ദേശീയ ദിനാചാരണത്തിന്റെ ഭാഗമായ് ജിദ്ദയുടെ ആകാശത്ത് വർണ വിസ്മയം തീർത്ത് റോയൽ എയർഫോഴ്സ് വിമാനങ്ങൾ. ആദ്യ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് കടൽത്തീരത്തിനു മുകളിലൂടെ പറന്ന വിമാനങ്ങൾ ജിദ്ദയുടെ ആകാശത്ത് മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച്ച വച്ചത്.
റോയൽ സൗദി എയർഫോഴ്‌സിലെ സൈനികർ വിവിധതരം വിമാനങ്ങൾ കൊണ്ട് ആകാശത്ത് വർണ്ണമഴ പെയ്യിച്ചപ്പോൾ ജനങ്ങൾ ആവേശ ഭരിതാരാവുകയായിരുന്നു. സൗദിയിലെ 14 നഗരങ്ങളിലും ദേശീയ ദിന എയർ ഷോയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും റോയൽ സൗദി എയർഫോഴ്‌സ് പൂർത്തിയാക്കിയതായി സൗദി പ്രതിരോധ മന്ത്രാലയം ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു.
10 ദിവസങ്ങളിലായി റോയൽ സൗദി എയർഫോഴ്‌സ് 14 നഗരങ്ങളിൽ ടൈഫൂൺ, എഫ്-15എസ്, ടൊർണാഡോ, എഫ്-15സി വിമാനങ്ങളുമായി എയർ ഷോകൾ നടത്തും. റിയാദ്, ജിദ്ദ, ഖോബാർ, ദമാം, ജുബൈൽ എന്നിവയുൾപ്പെടെ രാജ്യത്തെ 13 നഗരങ്ങളും അൽ അഹ്‌സ, തായിഫ്, തബൂക്ക്, അബഹ തുടങ്ങിയ നഗരങ്ങളിലെ എയർ ഷോകളും ഇതിൽപ്പെടും.
റോയൽ സൗദി നേവൽ ഫോഴ്‌സ് ദേശീയ ദിനത്തിൽ ജിദ്ദ വാട്ടർഫ്രണ്ടിലും ജുബൈലിലെ അൽ ഫനതീർ ബീച്ചിലും സമുദ്ര സുരക്ഷാ ഗ്രൂപ്പുകളുടെ പരേഡ് നടക്കും.