അന്തരീക്ഷത്തിലെ വികിരണ തോത് നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള റേഡിയേഷൻ മോണിറ്ററിങ് സ്റ്റേഷന് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മോണിറ്ററിങ് പ്ലാറ്റ്ഫോം, ഡേറ്റ അനാലിസിസ് ആൻഡ് പ്രൊഡക്ഷൻ സെക്ഷൻ, അണുവികിരണ നിരീക്ഷണത്തിനുള്ള പ്രത്യേക സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്ന യൂനിറ്റിനാണ് തുടക്കം കുറിച്ചത്.
രാജ്യത്തെ അന്തരീക്ഷത്തിൽ പരിധിയിൽ കൂടുതലുള്ള റേഡിയേഷൻ അളവ് വേഗത്തിൽ തിരിച്ചറിയുകയും, സ്വദേശികളും പൗരന്മാനും ഉൾപ്പെടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നതിൽ നിർണായക സാന്നിധ്യമായാണ് ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയുള്ള റേഡിയേഷൻ മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. റേഡിയോ വികിരണ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം, ഇവയുടെ തോത് പരിസ്ഥിതിക്ക് കോട്ടമില്ലാത്ത വിധം ആഗോള നിലവരാത്തിനൊത്ത് നിലനിർത്താനും കഴിയും. അന്തരീക്ഷത്തിലെ അപകടമായ സാന്നിധ്യങ്ങൾ വേഗത്തിൽ തിരിച്ചറിയാനും മുന്നറിയിപ്പു നൽകാനും സംവിധാനത്തിന് കഴിയും. വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും സ്റ്റേഷന്റെ പ്രവർത്തനം. ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രിക്കു മുമ്പാകെ സ്റ്റേഷന്റെ പ്രവർത്തനം വിശദീകരിച്ചു. പ്രകൃതിയുടെയും മനുഷ്യർ ഉൾപ്പെടെ ജീവജാലങ്ങളുടെയും സംരക്ഷണത്തിൽ നിർണായകമായ റേഡിയേഷൻ മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള മന്ത്രാലയം നടപടിയെ മന്ത്രി അഭിനന്ദിച്ചു.
ആണവ വികിരണം കണ്ടെത്താനും റേഡിയോ ആക്ടിവ് മലിനീകരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുമുള്ള സംവിധാനമാണ് യൂനിറ്റെന്ന് പരിസ്ഥിതി മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി അബ്ദുൽഹാദി അൽ മർറി പറഞ്ഞു.
റേഡിയോ ആക്ടിവ് വികിരണങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നതിന് മുമ്പ് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തെയും ബന്ധപ്പെട്ട അധികാരികളെയും പ്രാപ്തരാക്കുന്നതാണ് ഈ സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് മേൽനോട്ടത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉൾപ്പെടെ സംഘടനകളുടെ സഹകരണത്തോടെ വ്യവസായം, ആരോഗ്യ സംരക്ഷണം, കൃഷി, ഗവേഷണം തുടങ്ങി വിവിധ മേഖലകളിലെ ആണവോർജ ഉപയോഗത്തിന്റെ സമഗ്ര മേൽനോട്ടവും റേഡിയേഷൻ സുരക്ഷയും ഉറപ്പാക്കും.