രണ്ടര പതിറ്റാണ്ടിലധികമായി റമദാനിനും പെരുന്നാളിനും ഓണത്തിനും വിഷുവിനും ക്രിസ്മസിനും ദീപാവലിക്കും പഴങ്ങളും പച്ചക്കറികളും പൂക്കളും എത്തിച്ച മവേല സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് ഓർമയാകുന്നു. മാർക്കറ്റിന്റെ അവസാന ദിനമാകും വെള്ളിയാഴ്ച. ഒമാനിലെ പുതിയ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് (സിലാൽ) ശനിയാഴ്ച ഖസാഈനിൽ തുറക്കുന്നതിന്റെ ഭാഗമായാണ് മവേല മാർക്കറ്റിന്റെ പ്രവർത്തനം നിർത്തുന്നത്.
ജൂൺ 29ന് മുമ്പ് മവേല മാർക്കറ്റിലെ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ വ്യാപാരികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൊത്ത വ്യാപാര മാർക്കറ്റ് യൂനിറ്റുകളുടെ കോൾഡ് സ്റ്റോറുകളും കേന്ദ്ര കോൾഡ് സ്റ്റോറും ഉള്ളി ഷെഡുകളും ഉരുളക്കിഴങ്ങ് ഷെഡുകളും കാര്യനിർവഹണ ഓഫിസുകളും ബുക്ക് ചെയ്ത സ്ഥാപനങ്ങൾക്ക് അധികൃതർ കൈമാറിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന പഴം പച്ചക്കറി മാർക്കറ്റായിരുന്നു മവേല സെൻട്രൽ മാർക്കറ്റ്. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ഇവിടേക്ക് പഴങ്ങളും പച്ചക്കറികളും എത്തിയിരുന്നു. പഴം പച്ചക്കറികളിൽ 95 ശതമാനവും പുറം രാജ്യങ്ങളിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ്. മൊത്ത വ്യാപാരികൾ, ചെറുകിട വ്യാപാരികൾ, മാർക്കറ്റിലെ ചില്ലറ വ്യാപാരികൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും ആളുകളും സെൻട്രൽ മാർക്കറ്റിനെ ചുറ്റിപ്പറ്റി കഴിയുന്നുണ്ട്. ഇവരിൽ പലരും ഖസാഈനിലേക്ക് മാറും. ഇവിടെയുള്ള സ്ഥാപനങ്ങളിൽ 30 ശതമാനവും മലയാളികളാണ്.
1987 ലാണ് മവേലയിൽ പഴം പച്ചക്കറി മാർക്കറ്റ് ആരംഭിച്ചത്. എന്നാൽ അക്കാലത്ത് ഒറ്റപ്പെട്ട സ്ഥലമായതിനാലും ആളുകൾ എത്തിപ്പെടാത്തതിനാലും ഒരു വർഷം കൊണ്ട് മാർക്കറ്റ് പൂട്ടി. അക്കാലത്ത് സീബിലും വാദി കബീറിലും ഫഞ്ചലിലുമൊക്കൊയായിരുന്നു പ്രധാന മാർക്കറ്റുകൾ. ദുബൈയിൽ നിന്നാണ് ഇവിടങ്ങളിലേക്ക് പച്ചക്കറികളും പഴ വർഗങ്ങളും കൊണ്ടുവന്നിരുന്നത്. എന്നാൽ മാർക്കറ്റ് 1997 ൽ തുറന്നു പ്രവർത്തിച്ചു.
ആരംഭകാലത്ത് 30വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് മാർക്കറ്റിലുണ്ടായിരുന്നത്. ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാൽ പൊതുജനങ്ങൾ പോലും എത്തിയിരുന്നില്ല. അവിടെ ബിസിനസ് ഇറക്കാൻ പലരും മടിച്ചിരുന്നു.പ്രദേശിക മാർക്കറ്റായിരുന്നു മവേല. ദുബൈയിൽ നിന്ന് ട്രക്കുകൾ വഴിയാണ് മാർക്കറ്റിൽ പച്ചക്കറികളും പഴ വർഗങ്ങളും എത്തിച്ചിരുന്നത്. വിവിധ വിദേശ രാജ്യങ്ങളിൽനിന്ന് ദുബൈയിൽ എത്തുന്ന ഉൽപന്നങ്ങൾ അവിടെ നിന്ന് ഒമാനിൽ എത്തിക്കുകയായിരുന്നു പതിവ്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ മവേല മാർക്കറ്റിന്റെ ചുമതലയുള്ള മുസല്ലം ആണ് മവേലയെ 2000 ത്തോടെ സെൻട്രൽ മാർക്കറ്റായി ഉയർത്തിയത്.
ഖസാഈനിൽ ആധുനിക സംവിധാനത്തോടെയും സൗകര്യങ്ങളോടെയുമാണ് മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.പുതിയ സ്ഥലത്തേക്ക് മാറാനുള്ള നീക്കത്തെ മാർക്കറ്റിൽ സ്ഥിരം ഉപഭോക്താക്കൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തലസ്ഥാന നഗരയിൽനിന്ന് പുതിയ മാർക്കറ്റിലേക്കുള്ള ദൂരം ആശങ്കയുണ്ടാക്കുന്നെന്ന് ഇവർ പറഞ്ഞു.
ഏതാനും കിലോഗ്രാം പച്ചക്കറികളും പഴങ്ങളും വാങ്ങാൻ റൂവിയിൽ നിന്ന് ഖസാഈനിലേക്ക് യാത്ര ചെയ്യുന്നത് പലർക്കും സങ്കൽപിക്കാനാവില്ല. തെക്കൻ ബാത്തിനയിലെയും മവേലയിലെയും അതിവേഗം വളരുന്ന ടൗൺഷിപ്പുകളിൽ താമസിക്കുന്നവർക്ക് പുതിയ മാർക്കറ്റ് കൂടുതൽ സൗകര്യ പ്രദമായിരിക്കും.