ഒമാനിലെ വൈദ്യുത കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്നു

Update: 2023-02-09 06:08 GMT

ഒമാനിലെ വൈദ്യുത കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ കൃത്യമായ റീഡിങ് ലഭിക്കാൻ സഹായിക്കും. കൂടാതെ ഏകദേശ യൂട്ടിലിറ്റി ബില്ലുകൾ നൽകുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും.

കഴിഞ്ഞവർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകളും നാല് ലക്ഷം കുടിവെള്ള മീറ്ററുകളുമാണ് ഒമാൻ സ്മാർട്ട് ആക്കി മാറ്റിയത്. വൈദ്യുതി ഉപഭോക്താക്കളിൽ മൂന്നര ശതമാനവും വെള്ളത്തിൽ അഞ്ച് ശതമാനവുമാണ് ഉപഭോക്താക്കളിൽ വർധനവ് ഉണ്ടായിട്ടുള്ളത്. മീറ്ററുകൾ സ്മാർട്ടാകുന്നതോടെ ഒരുപാട് ഗുണങ്ങൾ ഉണ്ട്. നേരിട്ടെത്താതെതന്നെ അധികൃതർക്ക് പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും സാധിക്കും. അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ (എ.പി.എസ്.ആർ) ആണ് ഇക്കാര്യം അറിയിച്ചത്.

കുടിവെള്ള കണക്ഷന്റെ നിരക്ക് ഈ വർഷം പുനഃപരിശോധിക്കുമെന്ന് ചെയർമാൻ ഡോ. മൻസൂർ അൽ ഹിനായ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജല-ശുചീകരണ സംവിധാനത്തിന് നിയമപരമായ ഒരു രീതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പദ്ധതി അതോറിറ്റി കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. വാങ്ങുന്ന വൈദ്യുതി, വിൽപന നടത്തുന്ന വൈദ്യുതി എന്നീ സംവിധാനങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒ.ക്യൂ ഗ്യാസ് കമ്പനിയുടെ 2024-27 കാലത്തെ സാമ്പത്തിക നിയന്ത്രണ സംവിധാനം പുനരവലോകനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Similar News