ഒമാനി ഹജ്ജ് മിഷൻ സംഘം തിരിച്ചെത്തി ; സ്വീകരിച്ച് എൻഡോവ്മെന്റ് , മതകാര്യ മന്ത്രിയും ഉദ്യോഗസ്ഥരും
ഒമാനി ഹജ്ജ് മിഷൻ സംഘം സൗദി അറേബ്യയിൽനിന്ന് കഴിഞ്ഞ ദിവസം മസ്കത്തിൽ തിരിച്ചെത്തി. പുണ്യഭൂമിയിലെത്തിയ ഒമാനി തീർഥാടകർക്ക് ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ മികച്ച സേവനങ്ങളായിരുന്നു ഹജ്ജ് മിഷൻ സംഘം നടത്തിയിരുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മിഷനിലെ അംഗങ്ങളെ എൻഡോവ്മെൻറ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മമാരിയും മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയാണ് ഹജ്ജ് മിഷനെ നയിച്ചിരുന്നത്. ജൂൺ രണ്ടിനായിരുന്നു സംഘം സൗദിയിലേക്ക് പുറപ്പെട്ടിരുന്നത്. ഫത്വ്വ, മത മാർഗനിർദേശം, ഭരണപരവും സാമ്പത്തികവുമായ കൈകാര്യ ചെയ്യൽ, ഹജ്ജ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്നയാൾ, മെഡിക്കൽ, റോയൽ ഒമാൻ പൊലീസ് പ്രതിനിധി, സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപന പ്രതിനിധി, മാധ്യമ പ്രതിനിധി സംഘം, സ്കൗട്ട് എന്നിവരായിരുന്നു ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങളിലുൾപ്പെട്ടിരുന്നത്.
തീർഥാടകർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ചടങ്ങുകൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കാനുമായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ഈ വർഷം14,000 തീർഥാടകർക്കായിരുന്നു ഹജ്ജിന് പോകാൻ അനുമതി ലഭിച്ചിരുന്നത്. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരും ആയിരുന്നു. എറ്റവും കൂടുതൽ ഹജ്ജിന് പോയത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെ നിന്നുള്ളവരാണ്. 19.86 ശതമാനവുമായി വടക്കൻ ബത്തിനയാണ് തൊട്ടടുത്ത്. കുറവ് തീർഥാടകരുള്ളത് അൽവുസ്തയിൽ നിന്നാണ്-ഒമ്പത് ശതമാനം. പ്രായം, കുടുംബ അവകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഒമാനിൽ നിന്ന് ഹജ്ജിന് പോയ ഏക മലയാളി സംഘവും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. മസ്കത്ത് സുന്നിസെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയിൽ 60പേരായിരുന്നു ഉണ്ടായിരുന്നത്.