മസ്കത്ത് നൈറ്റ് ഫെസ്റ്റിവല്ലിന് തുടക്കം ; ഇനി 30 ദിവസം ആഘോഷത്തിൻ്റെ രാവുകൾ
ആഘോഷരാവിലേക്ക് വാതിൽ തുറന്ന് മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിന് വർണാഭമായ തുടക്കം. ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ തലസ്ഥാന നഗരിക്ക് പുത്തൻ കാഴ്ച അനുഭവമായിരിക്കും സമ്മാനിക്കുക. പ്രമുഖരുടെ സാന്നിധ്യത്തിൽ മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു.
ആദ്യദിനത്തിൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് വേദിയിലേക്ക് ഒഴുകിയത്. എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 11 മണി വരെയാകും മസ്കത്ത് നൈറ്റ്സ് അനുബന്ധ പരിപാടികള്‍. വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദ പരിപാടികള്‍ അരങ്ങേറും. പരിപാടികളെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും മസ്കത്ത് നൈറ്റ്സിന്റെയും സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്. സന്ദർശകരെ സഹായിക്കുന്നതിനായി, ബഹുഭാഷ കൈകാര്യം ചെയ്യുന്ന 500 ഓളം സന്നദ്ധപ്രവർത്തകരെ വിവിധ ഫെസ്റ്റിവൽ വേദികളിൽ ക്രമീകരിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. 700-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും. ഖുറം നാച്ചുറൽ പാർക്കിൽ ഫ്ലവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും. ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബസികൾ പ്രതിനിധീകരിക്കുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് ചില പുതിയ സവിശേഷതകളാണ്.